ചങ്ങരംകുളം: വനിതാ ഹോട്ടലിൽ ഗ്യാസ് സിലിണ്ടറിന് തീപിടിച്ചത് പരിഭ്രാന്തി പരത്തി. ഇന്നലെ രാവിലെ 10.30 ഓടെയായിരുന്നു സംഭവം. ചങ്ങരംകുളം ടൗണിൽ നന്നംമുക്ക് റോഡിൽ പോസ്റ്റ് ഓഫീസിന് സമീപത്ത് പ്രവർത്തിക്കുന്ന തനിമ ജനകീയ ഹോട്ടലിലാണ് തീപിടിത്തമുണ്ടായത്. ജീവനക്കാർ ഭക്ഷണം പാചകം ചെയ്യാനായി ഗ്യാസ് അടുപ്പിലേക്ക് തീ പകർന്നതോടെ ആളിപ്പടരുകയായിരുന്നു. ഉടൻ ജീവനക്കാർ പുറത്തേക്ക് ഓടിയതിനാൽ ആളപായം ഒഴിവായി.
സമീപത്തെ കച്ചവടക്കാരും നാട്ടുകാരും ചേർന്ന് തീ കെടുത്താൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. തുടർന്ന് പോലീസിലും ഫയർഫോഴ്സിലും വിവരം അറിയിച്ചു. ഏറെ നേരത്തെ പരിശ്രമത്തിന് ശേഷമാണ് തീ അണയ്ക്കാനായത്.
ചങ്ങരംകുളം പോലീസും പൊന്നാനിയിൽനിന്നെത്തിയ ഫയർഫോഴ്സ് യൂണിറ്റുമാണ് രക്ഷാപ്രവർത്തനം നടത്തിയത്. സിലിണ്ടറിൽനിന്ന് പാചകവാതകം ചോർന്നതാണ് തീ പടരാനിടയാക്കിയത്. കടയിലെ ഉപകരണങ്ങൾ പലതും കത്തി നശിച്ചെങ്കിലും വലിയ അപകടമാണ് ഒഴിവായത്.